Wednesday 5 November 2014

അക്ഷരം കുറിക്കല്‍:- ഗുരു മുനി നാരായണപ്രസാദ്

Photo: GURU MUNI NARAYANA PRASADഎല്ലാ വര്‍ഷവും വിജയദശമി ദിവസം നമ്മുടെ കുഞ്ഞുങ്ങളെക്കൊണ്ട് നമ്മള്‍ അക്ഷരം കുറിപ്പിക്കുന്നു. ഔപചാരികമായ വിദ്യാഭ്യാസത്തിലേക്കുള്ള ആദ്യപടിയാണിത്.ഭാഷയിലെ അക്ഷരമാലയുമായി പരിചയപ്പെടാന്‍ തുടങ്ങുന്ന ചടങ്ങാണത്. ഇങ്ങനെ തുടങ്ങുന്ന വിദ്യാഭ്യാസം എവിടെ ചെന്നവസാനിക്കും? ലോകദൃഷ്ട്യാ നോക്കിയാല്‍ അതിനു അവസാനമില്ല. എന്നാല്‍ അധ്യാത്മ ദൃഷ്ട്യാ ഈ വിദ്യാഭ്യാസം ചെന്നവസാനിക്കേണ്ടത് അക്ഷരമായ (ക്ഷരമല്ലാത്ത നാശരഹിതമായ) ഏക സത്യത്തെ അറിഞ്ഞു, അതുമായുള്ള ഏകാത്മകത സാക്ഷാത്കരിക്കുന്നിടത്താണ്. അങ്ങനെ നോക്കിയാല്‍ അക്ഷരത്തില്‍ തുടങ്ങി അക്ഷരത്തില്‍ അവസാനിക്കേണ്ടതാണ് വിദ്യാഭ്യാസം. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ അധ്യാത്മമായ പരിസമാപ്തിയെ സംബന്ധിച്ച് ഇന്ന് മിക്കവരും അജ്ഞരാണ്. പണ്ടാകട്ടെ ഈ വ്യക്തമായ കാഴ്ച്ചപ്പാടോടു കൂടിയതാണ് ഭാരതത്തിന്റെ പരമ്പരാഗതമായി നിലനിന്ന വിദ്യാഭ്യാസം. അത് സാര്‍വത്രികമല്ലായിരുന്നു എന്ന് മാത്രം. പാശ്ചാത്യ സംസ്കാരം ഭാരതത്തിലേക്ക് ഇരച്ചു കയറുകയും, ലോകപരിജ്ഞാനവും തൊഴിലും നേടുക മാത്രമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും വന്നപ്പോഴാണ് കാഴ്ചപ്പാടില്‍ ഈ വ്യത്യാസമുണ്ടായത്. വിദ്യാഭ്യാസം സാര്‍വത്രികമായിരിക്കുമ്പോഴും, തൊഴില്‍ നേടുക ഒരാവശ്യമായിരിക്കുമ്പോഴും, അതിനു ആധ്യാത്മികവും അക്ഷരസത്യത്തില്‍ ഉറച്ചുനില്‍ക്കുന്നതുമായ ഒരു മാനം ഉണ്ടാക്കിക്കൊടുക്കാന്‍ സാധിക്കുകയില്ലേ? അപ്പോഴല്ലേ മനുഷ്യന് ജീവിതസൌകര്യങ്ങളോടോപ്പം സ്വസ്ഥതയും ഉറപ്പാകുന്നത്?

അക്ഷരം കുറിക്കുന്ന ചടങ്ങ് പരമ്പരാഗതമായ രീതിയില്‍ തുടങ്ങുന്നത് ഈ മന്ത്രോചാരണത്തോടു കൂടിയാണ് 

"സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീ 
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ"

ഈ മന്ത്രം വിദ്യാരംഭത്തിനു വിധേയമായിത്തീരുന്ന കുഞ്ഞു ചൊല്ലുന്ന തരത്തിലുള്ളതാണ്. അതിന്റെ അര്‍ഥം ഇങ്ങനെ : 'അല്ലയോ സരസ്വതീ ദേവീ, നിനക്ക് നമസ്കാരം,നീ വരങ്ങള്‍ ദാനം ചെയ്യുന്നവളാണ്. ആഗ്രഹിക്കുന്ന ഏതു രൂപവും കൈക്കൊള്ളുന്നവളാണ്. ഞാന്‍ ഇതാ വിദ്യാരംഭം നടത്തുന്നു. എനിക്ക് എല്ലായിപ്പോഴും സിദ്ധി ലഭിക്കുമാറാകട്ടെ !

സരസ്വതി അറിവിന്‍റെ ദേവതയാണന്നു ഏവര്‍ക്കും അറിയാം. ആ ദേവതയെ നമസ്കരിച്ചു കൊണ്ടാണ് അറിവിന്റെ ലോകത്തിലേക്ക് ആദ്യത്തെ ചുവടു വെക്കുന്നത്. സരസ്വതി വരങ്ങള്‍ ദാനം ചെയ്യുന്നവളാണ്. അതായത്, അറിവാണ് ജീവിതത്തില്‍ എന്തെല്ലാം വരികത്തക്കതായുണ്ടോ അതെല്ലാം ലഭ്യമാക്കിത്തീര്‍ക്കുകയും, ഒഴിവാക്കേണ്ടത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

അറിവ് സ്വന്തം ഇച്ഛ പ്രകാരം ഭാവം പകര്‍ന്നതാണ് സകലതും എന്ന് അക്ഷരമായ സത്യം കണ്ടെത്തിയവര്‍ക്കറിയാം. സകല ശാസ്ത്രങ്ങളായി രൂപപ്പെട്ടിരിക്കുന്നതും അറിവാണ്. അറിവിന്‍റെ ശക്തി അനന്തമാണ്‌. അതായത് ആഗ്രഹിക്കുന്ന ഏതു രൂപം കൈക്കൊള്ളാനും അറിവിന്‌ സാധിക്കും. അങ്ങനെ സരസ്വതീ കാമരൂപിണിയാണ്.

ജീവിതത്തില്‍ വേണ്ട എല്ലാം സിദ്ധിക്കേണ്ടത് അറിവിന്‍റെ ബലം കൊണ്ടു വേണം. ഈ സിദ്ധികള്‍ ലോകസാധാരണമായ സുഖസൌകര്യങ്ങളും സമ്പത്തും മുതല്‍ അക്ഷരമായ സത്യം കണ്ടെത്തുന്നതുവരെ വ്യാപിച്ചു കിടക്കുന്നതാണ്. ഉപനിഷത്തുകളുടെ ഭാഷയില്‍ പറഞ്ഞാല്‍, പ്രേയസ്സ് മുതല്‍ ശ്രേയസ്സ് വരെയുള്ളതെല്ലാം അതില്‍ പെടും. ഈ സിദ്ധികളെല്ലാം അറിവിന്‍റെ ബലത്തില്‍ ജീവതത്തില്‍ കൈവരുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയാണ് ഈ മന്ത്രത്തില്‍ ഉള്ളത്.

അക്ഷരം കുറിക്കുമ്പോള്‍ അക്ഷരലോകത്ത് കുഞ്ഞു കൈവരിക്കാവുന്ന സിദ്ധികളെ സംബന്ധിച്ച് ഒട്ടേറെ പ്രതീക്ഷകളാണ് രക്ഷാകര്‍ത്താക്കള്‍ക്ക് ഉണ്ടായിരിക്കുക. അവരുടെ സാമ്പത്തികശേഷി അനുസരിച്ച് ഈ പ്രതീക്ഷകള്‍ അതിമോഹങ്ങളായി മാറാറുണ്ട്, ഈ കുഞ്ഞ് നല്ല അറിവുള്ള നല്ല മനുഷ്യനായിത്തീരണമെന്നു മിക്കവരും ആഗ്രഹിക്കാറില്ല. ധാരാളം ധനംസമ്പാദിക്കുന്നവനായി തീരണമെന്നാണ് ആ അതിമോഹം. ഈ അതിമോഹം കുട്ടികളുടെ സ്വാഭാവികമായ വളര്‍ച്ചയെയും, അവരില്‍ രൂഢമായിത്തീരേണ്ട മാനുഷിക മൂല്യങ്ങളെയും സാരമായി ബാധിക്കാറുണ്ട്. മാനുഷിക മൂല്യങ്ങളില്‍ ഉറച്ചു നിന്ന്കൊണ്ട് സമൃദ്ധിയും സ്വസ്ഥതയും ജീവിതത്തില്‍ കൈവരുത്തുക എന്നതിനെ വിഗണിച്ചിട്ടു, സമ്പത്സമൃദ്ധിക്ക് വേണ്ടി മാനുഷികമൂല്യങ്ങളെ തീരെ വിഗണിക്കുകയോ അവയെ ബലികൊടുക്കുകയോ ചെയ്യുന്ന തരത്തില്‍ മനുഷ്യന്‍റെ ജീവിത വീക്ഷണം മാറി വരാന്‍ രക്ഷാകര്‍ത്താക്കാളുടെ ഈ അതിമോഹം ഇടവവരുത്താറുണ്ട്. ഒരു വ്യക്തിയുടെ ഭാവി മാത്രമല്ല,ലോകത്തിന്‍റെ ഭാവി പോലും, മനുഷ്യന്‍ നേടുന്ന വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു എന്ന ബോധം ഓരോ രക്ഷാകര്‍ത്താവിനും വേണം.

മകനോ മകളോ ഇന്നാരായിത്തീരണം എന്ന അതിമോഹം ഉപേക്ഷിച്ചിട്ട്,ഈ കുട്ടി പ്രകൃതി സഹജമായി ഏതു വ്യക്തിത്വത്തോടുകൂടിയവാനാണോ, അതിന്റെ പൂര്‍ണ്ണത കൈവരിച്ചു ആകെ ജീവിതത്തിന്റെ ഭാഗമായിരിക്കാനും, സ്വജീവിതം ധന്യമാക്കിക്കൊണ്ടു ലോകകല്യാണം ഉറപ്പു വരുത്താനും ഇടയാകട്ടെ എന്നായിരിക്കണം കുഞ്ഞിനോടും മനുഷ്യരാശിയോടും ഉത്തരവാദിത്ത്വമുള്ള ഓരോ രക്ഷിതാവും പ്രാര്‍ത്ഥിക്കേണ്ടത്.

No comments:

Post a Comment